MoonlitDays

– Writings from the Heart

‘നമ്മുടേതെന്ന് പറയാൻ കഴിയാത്ത ചില മായാത്ത മുഖങ്ങളുണ്ട് ഓരോ മനുഷ്യനിലും’ 96 സിനിമയിലെ ഒരു ഫോട്ടോയോടു കൂടി വന്ന ഒരു പോസ്റ്റ് (ഒരു fb പേജിലെ ആണ്) എന്റെ സുഹൃത്തിന്റെ whatsapp status ഇൽ  കണ്ടു, അത് ഞാൻ എന്റെ സ്റ്റാറ്റസിൽ ഷെയർ ചെയ്തു. പതിവ് പോലെ കുറെ ചോദ്യങ്ങളും ഉണ്ടായി – അതാരാ ആ ഒരാൾ? എന്താ കാര്യം? അങ്ങിനെ പലതും. നിങ്ങളിൽ പലരെയും പോലെ ഞാനും ഈ സിനിമയുടെ വലിയ ആരാധികയാണ്. എന്നാൽ അതിനെ വിമര്ശിക്കുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ട് – സ്വാഭാവികം – എന്തിനും രണ്ടുപക്ഷം വേണമല്ലോ.

കാമുകിയെ ദേവിയെ പോലെ കാണാൻ പറ്റുമോ എന്നാണ് ഒരാൾ ചോദിച്ചത് – എനിക്ക് തോന്നിയത് അത് ദേവിയെ പോലെ  കാണുന്നതിനേക്കാൾ വര്ഷങ്ങള്ക്കു ശേഷം ജാനുവിനെ കാണുമ്പോൾ അവൾ തന്റെ പഴയ കാമുകിയല്ല, മറിച് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും ആണെന്ന ബോധം രാമിൽ അത്രത്തോളം ഉണ്ടെന്നതാണ്. അയാൾ ജാനുവിനെ സ്നേഹിക്കുക മാത്രമല്ല, അവളെ അത്രയധികം ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. 

അത്രമേൽ സ്നേഹിച്ചിരുന്ന രണ്ടുപേർ വർഷങ്ങൾക്കിപ്പുറം കാണുമ്പോൾ തമ്മിൽ സ്പർശിക്കാൻ പോലും മടിക്കുമോ, അത് തീരെ റിയലിസ്റ്റിക് അല്ല എന്നായിരുന്നു മറ്റൊരു സുഹൃത്ത് പറഞ്ഞത്. ആ സിനിമയിൽ രാമിനെ ശ്രദ്ധിക്കുന്നവർക്ക്  മനസ്സിലാകും അയാൾ എത്രമാത്രം അന്തർമുഖനും പേടിയുള്ളവനും ആണെന്ന്. സ്കൂളിൽ വച്ച് ജാനുവിനോട് നേർക്കുനേർ സംസാരിക്കേണ്ടി വരുമ്പോൾ അവൻ്റെ ഹൃദയമിടിപ്പ് ഉയരുകയും ബോധം കെടുകയും ചെയ്യുന്നത് നമ്മൾ കണ്ടതാണ്. കാലം അതിനു മാറ്റമുണ്ടാക്കിയില്ലെന്നും റീയൂണിയന്റെ സമയത്ത് നമുക്ക് കാണിച്ചു തരുന്നുണ്ട്. അങ്ങിനെ ഒരാൾ ഇതുപോലെ അല്ലാതെ എങ്ങിനെ പെരുമാറാൻ ആണ്?

ഈ സിനിമയെ മറ്റുപല ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും ഇതൊക്കെ തന്നെ ആണ്. എന്തും നേടുന്ന നായകന്മാരെയാണ് നമ്മൾ എന്നും പ്രതീക്ഷിക്കുന്നത്. കാമുകിയുടെ വിവാഹത്തിന് വന്നിട്ടും അവളെ വിളിച്ചിറക്കികൊണ്ടു പോകാതെ ദൂരെ നിന്ന് കണ്ട് കൺനിറഞ്ഞു തിരിച്ചു പോകുന്ന നായകന്മാരെ നമ്മൾ കുറച്ചേ കാണാറുള്ളു. പ്രണയം മറക്കാൻ പറ്റാത്തതുകൊണ്ട് ഒറ്റക്കായി പോകുന്ന നായകന്മാരും നമുക്ക് കുറവാണ് – പ്രത്യേകിച്ച് പുതിയ കാലഘട്ടത്തിൽ. ആഗ്രഹിച്ചതൊക്കെ നേടിയെടുക്കുന്ന, ജീവിതത്തിൽ എന്ത് നഷ്ടങ്ങൾ ഉണ്ടായാലും മുന്നോട്ടു പോകുന്ന നായികാനായകന്മാരുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്, അത് അങ്ങിനെ തന്നെ ആകുന്നതാണ് നല്ലതും. പക്ഷെ ഇന്നും ചിലരെങ്കിലും ജീവിതത്തിൽ ചിലയിടങ്ങളിൽ തട്ടി മുന്നോട്ടു പോകാൻ ആകാതെ നിൽക്കുന്നവർ ആണ് എന്ന സത്യം നാം മനസ്സിലാക്കണം. അവരുടേത് കൂടി ആണ് ലോകം. 

കഴിഞ്ഞ വർഷം ഇറങ്ങിയ ഒരു പാട്ടുണ്ട് – ‘ഇത്തിരി നേര’ത്തിലെ – “നീയൊരിക്കൽ എന്റെ മുറിയിൽ ജനലിനരികിലെ നേർത്തൊരഴയിൽ” – ഇത് കേട്ടപ്പോൾ എനിക്ക് 96 ലെ രംഗമാണ് ആദ്യം ഓർമ്മ വന്നത്. അതിലെ അവസാനത്തിൽ പാടുന്ന വരികൾ വളരെ അർത്ഥവത്തായി തോന്നി – “അങ്ങനെ അദൃശ്യമായൊരു വലയിൽ പ്രണയികൾ കുരുങ്ങി നിൽക്കുന്നു”. അങ്ങനെ കുരുങ്ങിപ്പോയ ഒരു പാവം നായകനെ ആണ് നമ്മൾ 96ൽ കാണുന്നത്. 

ഇനിയും ഇത് റിയലിസ്റ്റിക് അല്ല എന്ന് പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു – നമ്മൾ കാണാത്തതോ കേൾക്കാത്തതോ അനുഭവിക്കാത്തതോ നമ്മുടെ യുക്തിക്കു നിരക്കാത്തതോ ആയ ഒന്നും ഈ ലോകത്തു നിലവിലില്ല എന്ന് പറയാൻ നമുക്ക് അവകാശമില്ല. ലോകം വളരെ വലുതാണ്, നമ്മുടെ അറിവ് വളരെ കുറവാണ്, ആളുകൾ ഒന്നിനൊന്ന് വ്യത്യസ്തരുമാണ്! 

മിക്കവാറും സിനിമകൾ നമ്മൾ കണ്ട്‌ ആസ്വദിച് മറക്കാറാണ് പതിവ്. പക്ഷെ ചില സിനിമകൾ, കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ നമ്മുടെ കൂടെ ജീവിക്കും. അതിന് നമുക്ക് സമാനമായ അനുഭവം വേണമെന്നില്ല, അതിനോട് താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന മനസ്സുണ്ടായാൽ മതി. നമുക്ക് relate ചെയ്യാൻ പറ്റുന്ന എന്തും നമുക്ക് ഉൾക്കൊള്ളാൻ പറ്റുന്ന കാര്യങ്ങൾ ആകും എന്നെ ഉള്ളു. 

 

സിനിമയുടെ അവസാനം കരഞ്ഞുകൊണ്ട് തിരിച്ചു പോകുന്ന ജാനുവിനോടും തലകുനിച്ചു നിൽക്കുന്ന രാമിനോടും എന്നും സ്നേഹം മാത്രം. തീർത്തും സാധാരണമായ വസ്ത്രങ്ങൾ ധരിച്, അലസമായ് നെറ്റിയിൽ വീണുകിടക്കുന്ന മുടി ഒരു കൈ കൊണ്ട്  മാടിയൊതുക്കി തോളിൽ ഒരു ക്യാമറയും തൂക്കി നടന്നകലുന്ന രാമിനെ ഓർക്കുമ്പോൾ ഒരു പക്ഷെ ജാനു ഇങ്ങനെ പാടിയേക്കാം –  “നിന്റെ വിയർപ്പിറ്റു വീഴുന്ന ഭൂമിയിൽ വിത്തായ്  ഉറങ്ങിക്കിടന്നുവെങ്കിൽ… നിന്നിലെ വർഷവും വേനലും ശൈത്യവും മെല്ലെ വന്നെന്നെ ഉണർത്തിയെങ്കിൽ..”(ആട്ടം – Music and Lyrics – Basil C. J. ; Singer – K. S. Chithra)

കാവു