അ - പ്രാസകവിത
അ’ എന്നയക്ഷരത്തിൽ തുടങ്ങും
അനവധി പദങ്ങളുണ്ടെങ്കിലും
അത്ര പെട്ടെന്നൊന്നും തോന്നായ്കയാൽ
അല്പനേരം ചിന്താമഗ്നനായ് ഞാൻ;
അതിനിടെ എന്നന്തഃകരണത്തിൽ തോന്നി
അതിദ്രുതം അനേക പദങ്ങൾ.
അങ്ങനെ കുത്തിക്കുറിച്ചു ഞാൻ
അനസ്യൂതമീ വരികൾ
ആ - പ്രാസ കവിത
ആയിരം കിനാവുകൾ…
ആതിര രാവിലായിരം താരകൾ
ആകാശഗംഗയിൽ മിന്നി നിൽക്കേ
ആനന്ദഭൈരവി രാഗലയത്തിൽ
ആനന്ദാബ്ധിയിൽ ആറാടി നിന്നു ഞാൻ
ആ ഗാന നിർഝരിയിൽ നിർല്ലീനനായി
ആയിരം കിനാവുകൾ കണ്ടുറങ്ങി
ഇ - പ്രാസകവിത
ഇന്നലെകൾ
ഇന്നലെകൾ കേവല സ്മൃതിയായി,
ഇനി നാളെകളേറെ അനിശ്ചിതം,
ഇന്നാഹ്ളാദിക്കാം മതിമറന്നെല്ലാർക്കും.
ഇല പൊഴിയും ശിശിരം പോൽ
ഇന്നുകൾ വന്നുപോകുന്നൊന്നൊന്നായ്;
ഇനിയും കാത്തിരിക്കാമൊരു നാളേക്കായ്.
ഈ - പ്രാസകവിത
ഈശ്വരാധീനം
ഈരേഴുലകിനും നാഥനാം
ഈശ്വരനെ ഭജിക്കുവിൻ
ഈ ജന്മം സഫലമാക്കുവാൻ.
ഈർഷ്യയാരോടുമില്ലാതെ
ഈശ്വരാധീനമുണ്ടാകാൻ
ഈശനെയോർക്കുക നിത്യവും.
ഉ - പ്രാസകവിത
ഉത്തമം കൈലാസം
ഉത്തരഭാഗേ ദർശിക്കാം നമുക്കാ
ഉത്തുംഗ ശൃംഗങ്ങളനേകമതിൽ
ഉത്തമം കൈലാസമേറെ പാവനം.
ഉണ്മയോടെന്നും രക്ഷിപ്പൂ നമ്മെ
ഉത്തമനാം ഭവാൻ കൈലാസനാഥൻ
ഉർവ്വിയിലെങ്ങും അനുഗ്രഹം വർഷിപ്പൂ.
ഊ - പ്രാസകവിത
ഊരിലെ വാസം
ഊഴിയിലെ വാസം ശാശ്വതമല്ലാർക്കും,
ഊഴം വരും ഒരുനാൾ നമുക്കെല്ലാം,
ഊർദ്ധ്വലോകം ഗമിക്കണമന്നേരം.
ഊനം കൂടാതെ നന്മകൾ ചെയ്യുക,
ഊരിലെ വാസം ഉത്തമമാക്കുക,
ഊർജ്ജത്തോടനുഷ്ഠിക്ക സൽക്കർമ്മങ്ങൾ.
എം. മാധവൻകുട്ടി
