പുഴകൾക്കൊരു പുതുജീവൻ നൽകാൻ
മഴ വന്നൊരു സ്നേഹസാന്ത്വനമായ്,
വറ്റി വരണ്ടുണങ്ങിയ വിരിമാറിൽ
ഇറ്റു വീഴുന്ന മധുകണങ്ങളായ്;
കാടും തൊടികളുമീ മഴക്കുളിരിൽ
പാടുന്നു മതിമറന്നാഹ്ളാദിച്ച്,
ഒരു മധുര ഗാനം പോലെന്നരികിൽ
എൻ പ്രാണപ്രേയസി വന്നണഞ്ഞു,
ജാലക വാതിലിലൂടെയൊരിളം
തെന്നലാരുമറിയാതൊഴുകി വന്നു,
എന്തിനെന്നറിയാതെന്നോർമ്മകൾ
എൻ ബാല്യത്തിലേക്ക് തിരിച്ചു പോയി,
ഒരു മധുര സ്വപ്നത്തിലലിഞ്ഞു ഞാനും
മഴ തോർന്നതൊട്ടുമറിഞ്ഞതില്ല.
എം. മാധവൻകുട്ടി
