MoonlitDays

– Writings from the Heart

മേടച്ചൂടിലുരുകിയൊലിച്ചു ഞാൻ
കാത്തിരിക്കുന്നിടവപ്പാതിക്കായ്;
ഏറെ വൈകാതെ കറുത്തൂ വാനം,
ഒരു ചാറ്റൽമഴയായെത്തീ വർഷം.

എൻ മനം കുളിരണിഞ്ഞു, ഉണർന്നെ-
ഴുന്നേറ്റു സസ്യലതാദികൾ,
പുതുമണ്ണിൻ ഗന്ധം പരന്നു,
വിടർന്നെങ്ങും പുഷ്പങ്ങൾ,
നിറഞ്ഞു ജല സ്രോതസ്സുകൾ.

പുതുമഴക്കുളിരിൻ സാന്ത്വനം
ആസ്വാദിച്ചാവോളം എൻ പ്രിയസഖിയും
ഞാനും സർവ്വചരാചരങ്ങളും.

ചാറ്റൽമഴ പേമാരിയായ് ദ്രുതം,
ചീറിയടിക്കും കാറ്റകമ്പടിയായ്,
ദിഗന്തങ്ങൾ മുഴങ്ങും മേഘഗർജ്ജനം,
കണ്ണഞ്ചും മിന്നലും ചിത്തത്തിൽ ഭീതി വിതച്ചു,
കര കവിഞ്ഞൊഴുകി നദികൾ,
പാതകൾ നദികളായ്, ദുസ്സഹമായ് ജീവിതം;

മഴുവിന്നിരയായ് കാനനങ്ങൾ,
മലകളിടിച്ചു നിരത്തി മനുഷ്യ മൃഗങ്ങൾ,
കണ്ടൽക്കാടുകൾ കാണ്മാനില്ല,
തോടുകൾ മൂടി, വയലുകൾ നികത്തി,
ഹർമ്മ്യങ്ങൾ ഉയർന്നൂ നീളെ;
മണ്ണിൽ സസ്യങ്ങളില്ല, ടൈലുകൾ മാത്രം.

എന്തിന് പഴിക്കുന്നു പ്രകൃതിയെ
മർത്ത്യൻ തൻ ദുഷ്കർമ്മഫലങ്ങൾ
അനുഭവിക്കും മർത്ത്യൻ മാത്രം;
വിസ്മരിക്കരുതൊരു മാത്ര പോലും നാം,
ദൈവത്തിൻ വരദാനമാണ് പ്രകൃതി.

[Originally written in English – Climate Change and the Environment – and translated into Malayalam by the author M. Madhavanakutty himself]

എം. മാധവൻകുട്ടി