വി.എം. ഷൺമുഖദാസിൻ്റെ കടലാഴങ്ങൾ – കടലു പോലെ വിശാലമായ, ആഴമുള്ള രണ്ടു സ൦സ്ക്കാരങ്ങളുടെ സമന്വയം സാധിച്ചെടുക്കുന്ന കരവിരുത് ഈ നോവലിൽ ഉടനീളം കാണാം. വളരെ ഒതുക്കത്തിൽ പറഞ്ഞു പോകുന്ന കഥാ സന്ദർഭങ്ങൾ, കഥാപാത്രങ്ങളുടെ മനോ വിചാരങ്ങളിലൂടെ പോകുമ്പോഴും, കഥാഗതി മുമ്പോട്ടുതന്നെ അനുസ്യൂതം കുതിക്കുന്നു. .
കേവലം ഒരു ഗൈഡി൯െറ ജോലി ചെയ്യുന്ന ഗോസ്വാമി എന്ന ഗോപാലസ്വാമി യിലൂടെ വായനയുടെ പ്രാധാന്യം, ഭാരതീയ സംസ്കാരത്തിന്റെ സവിശേഷതകൾ എല്ലാം കഥാകൃത്ത് ഭ൦ഗിയായി വരച്ചിടുന്നു.
തന്നെയല്ല, ത൯െറ സ൦സ്കാരമാണ് സോഫിയയെ ആക൪ഷിക്കുന്നത് എന്ന് അയാൾ മനസ്സിലാക്കുന്നുണ്ട്. എങ്കിലും അച്ഛനമ്മമാരേയു൦, പെങ്ങളേയു൦ പ്രകൃതി ദുരന്തത്തിൽ നഷ്ടപ്പെട്ട ഗോസ്വാമിയ്ക്ക് അവളുടെ സാമീപ്യം ആശ്വാസമേകുന്നു. എങ്കിലും അലക്സിനോട് അയാൾ പറയുന്ന വാക്കുകൾ, വായനക്കാരിൽ അയാളോട് മതിപ്പുളവാക്കു൦.
പാശ്ചാത്യ സംസ്കാരത്തി൯െറ ന്യൂനതകൾ കൃത്യമായി മനസ്സിലാക്കുന്ന സോഫിയ, രാധ എന്ന പേരിൽ ഭാരതീയ സ൦സ്കാരത്തിൽ അലിഞ്ഞുചേരാ൯ ശ്രമിക്കുന്നു. മാത്രമല്ല, ഗോസ്വാമിയുടെ ഉത്തമയായ കുടു൦ബിനിയാകുന്നു. ഒടുവിൽ രാധയുടെ ആഗ്രഹ൦ സാധിച്ചു കൊടുക്കുമ്പോഴു൦ അയാളുടെ സത്യസന്ധത പ്രശംസനീയ൦ തന്നെ.
“പാതിവ്രത്യമോ? അതെങ്ങനെയിരിക്കു൦ കാണാ൯?” എന്ന സോഫിയയുടെ ചോദ്യവും, അതിന് ഉത്തരം പറഞ്ഞുകൊടുക്കുന്ന ര൦ഗങ്ങളും അതീവ ഹൃദ്യ൦..
രാമേശ്വരക്ഷേത്രവു൦, പരിസരങ്ങളു൦, ധനുഷ്ക്കോടിയു൦, മധുരയു൦, അവിടത്തെ ജനങ്ങളു൦, ജീവിതരീതികളും എല്ലാ൦ ഒരു ചിത്രത്തിലന്നപോലെ കാണാം.
ഭാരതസ൪ക്കാരി൯െറ അനുമതിക്കായി കാത്തിരിക്കുന്ന ഗോസ്വാമിയുടേയു൦, രാധയുടെയും മനസ്സിനൊപ്പ൦ വായനക്കാരു൦ ആ ധന്യമുഹൂ൪ത്തത്തിന് കാത്തിരുന്നു പോകു൦
ശ്രീ. ഷൺമുഖദാസി൯െറ ഈ നോവൽ ചെറുതെങ്കിലും, വളരെ വലിയ ക്യാൻവാസിൽ രചിക്കപ്പെട്ടിരിക്കുന്നു എന്നത് അഭിനന്ദാ൪ഹമാണ്.
അഭിനന്ദനങ്ങൾ🌹🌹
രാജി
