അനന്തവിഹായസ്സിലായിരം താരകൾ
തിങ്കൾ സമേതമിമചിമ്മി നിൽക്കും പോൽ
സംവത്സരങ്ങൾ മുമ്പൊരു സംഘം ബാലകർ
വന്നെത്തിയൊരു സരസ്വതീ ക്ഷേത്രേ,
സതീർത്ഥ്യരായ് ആറേഴു വർഷങ്ങൾ;
ഏറെ സ്നേഹിച്ചുമല്പം കലഹിച്ചും
പഠിച്ചും കളിച്ചും ചിരിച്ചുല്ലസിച്ചും
വേനലിൽ വിയർത്തൊലിച്ചും വർഷത്തിൽ
നനഞ്ഞൊലിച്ചും പറന്നു പോയാ ദിനങ്ങൾ
അനുസ്യൂതം, മധുര സ്മരണകൾ ബാക്കിയായ്.
കാലപ്രവാഹത്തിലറ്റുപോയ് ബന്ധങ്ങൾ,
വഴി പിരിഞ്ഞു പോയ് അനേകർ.
വർഷങ്ങൾ കൊഴിഞ്ഞു പോയ് ഒന്നൊന്നായ്,
ബാല്യം വഴിമാറി, യൗവ്വനം വന്നുപോയ്,
അച്ഛനുമപ്പൂപ്പനുമായെല്ലാരും.
ജീവിത സായാഹ്നത്തിലൊത്തുചേരാ-
നൊരു മോഹം മൊട്ടിട്ടു പലരിലും,
അങ്ങനെയങ്ങനെ ഒത്തുചേർന്നൊരു
ദിനമൊരു മുപ്പത് വയോധികർ,
ഒരു കുടുംബസംഗമം ആഘോഷമായ്.
യൗവ്വനത്തുടിപ്പ് വഴി മാറി, കഷണ്ടിയും
കുടവയറും പഴങ്കഥകളുമായ്,
പാട്ടും കൂത്തുമായൊരപൂർവ്വ സംഗമം.
*മൂന്നു പോരാളികളെന്ന പേരിലു-
ണ്ടായിരുന്നക്കാലത്ത് ഞങ്ങൾ മൂവർ;
കാലത്തിൻ കുത്തൊഴുക്കിൽ പൊയ്പ്പോയ്
എന്നെന്നേക്കുമായ് മമ സതീർത്ഥ്യർ,
അവശേഷിക്കുന്നു ഞാനീ കഥ ചൊല്ലാൻ.
*The Three Musketeers
by Alexandre Dumas
ഞങ്ങൾ മൂവരെ കളിയായി വിളിച്ചിരുന്ന പേര്
എം. മാധവൻകുട്ടി
