MoonlitDays

– Writings from the Heart

ഭൂമിയിൽനിന്ന് മാഞ്ഞു പോകുന്നവർക്ക്...🙏

ഇന്നലെയോളം എൻ കൂടെ പറക്കുവാൻ
എന്നോടൊത്തിര തേടി,ക്കളിക്കുവാൻ
എൻ കൂട്ടർ ഒപ്പമുണ്ടായിരുന്നു
എന്റെ കൂടെ പറക്കുവാനും
എൻ ശബ്ദത്തെ കേൾക്കുവാനും
എനിക്കൊരു മറുമൊഴി ഏകിടാനും
അയ്യോ! ഇവിടെയിന്നാരുമില്ല.
ഇന്നു ഞാൻ ഏകനായ്
ഈ മരക്കൊമ്പിൽ
എന്നിണ കേൾക്കാനായ്
പാട്ടുപാടവേ
തന്നതില്ലതിനുത്തരം ആരുമേ
അയ്യോ! ഞാനിന്നിവിടേകനായി.
എൻകൂട്ടരെല്ലാം എങ്ങോ മറഞ്ഞുപോയ്
എൻ ഭാഷയുമിന്നാഹോ അർത്ഥശൂന്യം!
എത്രദിനങ്ങളീ ഭൂമിയിലിങ്ങനെ
ഏകനായ് ഞാൻ പറന്നീടും
എന്നെങ്കിലുമിനി എൻകൂട്ടരെ
കണ്മതിന്നെനിക്കാകുമോ ആവോ!
ആരോരുമില്ലാതെ
ആരോടും മിണ്ടാതെ
ഏകാന്തത എന്നെ മൂടീടവേ
ഇങ്ങനെ ജീവിപ്പതിലുമെത്ര മെച്ചം
മരണമെന്നോർത്തു പോകുന്നു ഞാൻ!
ഈ മരക്കൊമ്പിൽ ഒറ്റക്കിരുന്നു പാടി
എൻ ജന്മമങ്ങിനെ തീർന്നീടട്ടെ…

പരിസ്ഥിതി ശാസ്ത്രം പഠിച്ചതുകൊണ്ട് വംശനാശ ഭീഷണിയുടെ വിവിധ തലങ്ങളെ കുറിച്ചും വംശനാശം സംഭവിച്ച ജീവജാലങ്ങളെ കുറിച്ചും ഒട്ടേറെ ക്ലാസുകൾ കേട്ടിട്ടുണ്ട്, വായിച്ചിട്ടും ഉണ്ട്. എന്നാൽ അന്നൊന്നും അത് കേട്ടപ്പോൾ തോന്നാത്ത – സങ്കടം, ദുഃഖം – എന്നൊക്കെ പറഞ്ഞാൽ ആ വികാരം ഒതുങ്ങുമോ എന്നെനിക്കറിയില്ല – അതാണ് ഈ ഒരൊറ്റ video എന്നിൽ ഉണ്ടാക്കിയത്. ഞാൻ ഉൾപ്പെടുന്ന മനുഷ്യകുലം – എല്ലാത്തിലും ഒന്നാമൻ എന്ന് അഹങ്കരിക്കുന്ന നമ്മൾ തന്നെ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും നിൽക്കുന്ന ഭൂമിയും വിഷമയമാക്കുമ്പോൾ, നാളേക്ക് ഇല്ലാതെ നശിപ്പിക്കുമ്പോൾ, എത്രയോ ജീവികൾ ആണ് അനുദിനം ഇല്ലാതാകുന്നത്! നമ്മൾ ഇതൊന്നും ചിന്തിക്കാൻ താല്പര്യപ്പെടാറില്ല. എന്നാൽ ആ ഒരു ചെറുപ്പക്ഷിയുടെ നൊമ്പരം – അത് കണ്ടപ്പോൾ ഞാൻ ഒന്നേ ആലോചിച്ചുള്ളൂ. ഭൂമിയിലെ അവസാന മനുഷ്യന് – തൻ്റെ രൂപസാദൃശ്യമോ, സ്വഭാവമോ ഭാഷയോ ഉള്ള ഒരാൾ പോലും ഈ ലോകത്തിൽ ശേഷിക്കുന്നില്ല എന്ന് തിരിച്ചറിയുന്ന ആ അവസാന മനുഷ്യന് – അവൻ പൊട്ടിക്കരയുമ്പോൾ ആശ്വാസമാകാൻ ഒരു മരത്തണലെങ്കിലും ശേഷിക്കുമോ!?

കാവു