MoonlitDays

– Writings from the Heart

മേടച്ചൂടിലുരുകിയൊലിച്ചവസാന-
മെത്തുമാ കാലവർഷം ധരിത്രിയിൽ
ഒട്ടുമേ വൈകാതെ ജൂൺ മാസമാദ്യം.
കേവലം സ്മരണകൾ ഇന്നതെല്ലാം.

“മഴയും വിദ്യാലയവും” എന്നിലുണർ-
ത്തുന്നാ സുവർണ്ണ കാല സ്മരണകൾ,
എൻ ബാല്യത്തിലേക്കൊരു മടക്കയാത്ര.
പുതുവർഷാരംഭം പേമാരിയോടെ,

പുതു വസ്ത്രങ്ങളണിഞ്ഞൊരു മരക്കാൽ
കുട നിവർത്തി നനഞ്ഞൊലിച്ചാ യാത്ര
ചളിവെള്ളച്ചാലിലൂടെ; സ്കൂൾ ബസ്സില്ല,
ഓട്ടോയില്ല, പാദരക്ഷകളും അപൂർവ്വം.

 

നനഞ്ഞ കോഴി പോലിരിക്കണമാ
ക്ലാസ്സ്മുറിയിലെ ബഞ്ചിൽ അവസാന-
മണിയടിയും കാത്ത്, മടക്കയാത്രക്ക-
കമ്പടിയായതാ വരുന്നൊരു പേമാരി.

എത്രയോ സംവത്സരങ്ങൾ കഴിഞ്ഞിന്നു-
മെൻ മനതാരിലുണ്ടാ മനോജ്ഞമാം
ചിത്രങ്ങൾ, വെറുതെ കിനാവ് കാണാൻ,
സ്മരണകൾ അയവിറക്കാൻ, ഓമനിക്കാൻ.

M. Madhavankutty