കലാകാരന്മാർ അങ്ങിനെയാണ് – അവർ മരിക്കുമ്പോൾ ഒരു കുടുംബാംഗം നഷ്ടപ്പെട്ട പോലെ വേദന തോന്നും. പ്രത്യേകിച്ചും ചലച്ചിത്ര പിന്നണിഗായകർ മരിക്കുമ്പോൾ! അവരുടെ സ്വരം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്. നമ്മുടെ സന്തോഷത്തിലും സങ്കടത്തിലും നിരാശയിലും പ്രണയത്തിലും വിരഹത്തിലും മാതൃത്വത്തിലും ഭക്തിയിലും എന്നു വേണ്ട എല്ലാ വികാരവിചാരങ്ങളിലും സന്ദർഭങ്ങളിലും നമ്മോടൊപ്പമുള്ള സ്വരം. അവരെ നാം കാണാറില്ല, പക്ഷേ എന്നും അരികത്തായി – അല്ല – നമുക്കുള്ളിൽ തന്നെ ഉള്ളവർ… നമ്മുടെ തന്നെ സ്വരമായി തീർന്നവർ. മരിച്ചുവെന്ന് കേട്ട നിമിഷം കണ്ണുനിറഞ്ഞു പോയത് ശ്രീ എസ്. പി. ബാലസുബ്രഹ്മണ്യം സർ മരിച്ചപ്പോഴും പിന്നിതാ ഇന്ന് മലയാളത്തിൻ്റെ ഭാവഗായകൻ പി. ജയചന്ദ്രൻ പോയെന്നറിഞ്ഞപ്പോഴും…
മഞ്ഞലയിൽ മുങ്ങി തോർത്തി ധനുമാസ ചന്ദ്രികയിൽ വന്ന നാദം കാലങ്ങൾക്കിപ്പുറം ഒരു ധനുമാസത്തിൽ മാഞ്ഞു പോകുന്നതും ദൈവനിശ്ചയമായിരിക്കാം.
ആ നാദവിസ്മയത്തെ ഒരിക്കൽ നേരിൽ അടുത്തു കാണാനും വേദിയിൽ പാടുന്നത് കേൾക്കാനും കഴിഞ്ഞത് ജന്മപുണ്യങ്ങളിൽ ഒന്നായി കരുതുന്നു. അതും കുഞ്ഞിലേ മുതൽ കേൾക്കുന്ന “പാറമേക്കാവിൽ കുടികൊള്ളും ഭഗവതി” പാറമേക്കാവിലമ്മയുടെ തിരുമുറ്റത്ത് വച്ച് കേൾക്കാനായി, റെക്കോർഡിൽ കേട്ടതിനേക്കാൾ സ്വരമാധുര്യത്തിൽ! എന്നും ഏവരേയും അൽഭുതപ്പെടുത്തിയത് പഴകും തോറും വീര്യമേറുന്ന വീഞ്ഞു പോലെയുള്ള ആ സ്വരമാധുര്യം തന്നെയാണ്.
“മല്ലികപ്പൂവിൻ മധുരഗന്ധം
നിൻ്റെ മന്ദസ്മിതം പോലും ഒരു വസന്തം” എന്ന് പാടുമ്പോൾ തന്നെ ആ മധുരഗന്ധം നമ്മൾക്കനുഭവപ്പെടും. “നീയെന്ന മോഹന രാഗമില്ലെങ്കിൽ ഞാൻ നിശ്ശബ്ദവീണയായേനേ” എന്ന് കേൾക്കുമ്പോഴുള്ള സുഖം! ആ ശാരീരത്തിനോട് അറിയാതെ അറിയാതെ ആർക്കും പ്രണയം തോന്നിപ്പോകും.
“നീലക്കണ്ണുകളോ
ദിനാന്തമധുര സ്വപ്നങ്ങൾ തൻ
ചന്ദനച്ചോലക്കുള്ളിൽ വിടർന്നു
പാതിയടയും നൈവേദ്യ പുഷ്പങ്ങളോ” എന്ന് തുടങ്ങുന്ന ഗാനം അതിൻ്റെ എല്ലാ കാവ്യ ഭംഗിയോടെയും നമ്മളിലേക്കെത്തിക്കുന്നത് ആ മധുരശബ്ദം തന്നെ.
എൻ്റെ ഇഷ്ടഗാനങ്ങളുടെ ലിസ്റ്റിൽ പി. ജയചന്ദ്രൻ്റെ ഗാനങ്ങൾക്ക് മൃഗീയഭൂരിപക്ഷമാണുള്ളത്. എത്ര എഴുതിയാലും തീരാത്തതും മതിയാകാത്തതുമാണ് അദ്ദേഹം നമുക്ക് സമ്മാനിച്ച ഗാനപ്രപഞ്ചം.
“തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം”, “ഏകാന്ത പഥികൻ”, “മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ”, “കരിമുകിൽ കാട്ടിലെ”, “യദുകുല രതിദേവനെവിടേ”, “ബിന്ദു ബിന്ദൂ ഒതുങ്ങി നിൽപ്പൂ നിന്നിലൊരുൾക്കട ശോകത്തിൽ സിന്ധു”, “ഹർഷബാഷ്പം തൂകി”, “നിൻ മണിയറയിലെ”, “ചന്ദനത്തിൽ കടഞ്ഞെടുത്തൊരു”, ” കല്ലോലിനീ”, “ഉപാസന” അങ്ങിനെയങ്ങിനെ ബ്ലാക്ക് ആൻ്റ് വൈറ്റിൽ തുടങ്ങി “നീലമല പൂങ്കിയിലേ”, “കേവല മർത്യ ഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ”, “പ്രായം നമ്മിൽ മോഹം നൽകി”, “പൂവേ, പൂവേ പാലപ്പൂവേ”, “മറന്നിട്ടുമെന്തിനോ”, “കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ”, “ഉറങ്ങാതെ രാവുറങ്ങീ ഞാൻ”, “എന്തേ ഇന്നും വന്നീല”, “പ്രേമിക്കുമ്പോൾ നീയും ഞാനും”, “ഒന്നു തൊടാനുള്ളിൽ തീരാമോഹം”, “തേരിറങ്ങും മുകിലേ”, “നീയൊരു പുഴയായി”, “വിരൽ തൊട്ടാൽ വിരിയുന്ന”, “ആരാരും കാണാതെ ആരോമൽ തൈമുല്ല”, “ജീവൻ്റെ ജീവനാം കൂട്ടുകാരാ”, അങ്ങിനെ കേട്ടാൽ തീരാത്തത്ര ഗാനങ്ങൾ കാവ്യപുസ്തകമായ ജീവിതത്തിൽ കണക്കില്ലാതെ അവശേഷിപ്പിച്ച് അദ്ദേഹം സ്വർഗ്ഗവാതിൽ കടന്ന് ഇഷ്ടദേവനെ കാണാൻ പോയി കഴിഞ്ഞു. ഇനി പൂങ്കുയിൽ ശ്രുതി താഴ്ത്തി പാടട്ടെ… ശാരദനിലാവും തിരിതാഴ്തട്ടെ… ഭാവഗായകൻ ഉറങ്ങട്ടെ…
പണിതിട്ടും പണിതിട്ടും പണി തീരാത്ത പ്രപഞ്ചമന്ദിരത്തിൽ തൻ്റെ നഷ്ടഗാന സാമ്രാജ്യം വീണ്ടെടുക്കാൻ അദ്ദേഹം വീണ്ടും വരുമായിരിക്കാം….
P.S: ശ്രീ പി. ജയചന്ദ്രൻ മറ്റു ഭാഷകളിൽ പാടിയ ഗാനങ്ങളേയും അനേകം ലളിതഗാനങ്ങളേയും ഭക്തിഗാനങ്ങളേയും കുറിച്ച് ഇതിൽ പരാമർശിച്ചിട്ടില്ല. എത്ര എഴുതിയാലും ഈ എഴുതിയ ഗാനങ്ങളേക്കാൾ കൂടുതൽ ഇനിയും പരാമർശിക്കാൻ ഉള്ളത് പോലെ ആ ലിസ്റ്റും അപൂർണ്ണമാകും. മാത്രമല്ല, ഈ ലേഖനം വളരെ വലുതായി പോകുകയും ചെയ്യും. അതിനെ കുറിച്ച് മറ്റൊരവസരത്തിൽ കുറിക്കാം.
Kavu
