പലപ്പോഴും മഹാന്മാരായ കലാകാരൻമാർ, നേതാക്കൾ ഒക്കെ വിശ്രമജീവിതത്തിലേക്കോ ജീവിതത്തിൽ നിന്ന് തന്നെയോ വിടവാങ്ങുമ്പോൾ കാണാറുള്ള ഒരു പ്രയോഗം ആണ് ഇത്. പിന്നീട് ആ സ്ഥാനത്തേക്ക് അവരെക്കാൾ പ്രഗല്ഭരായവർ വന്നേക്കാം. എങ്കിലും അവർ അവശേഷിപ്പിച്ച ഒരു ചിത്രം കുറെ പേരുടെ എങ്കിലും മനസ്സിൽ അല്ലെങ്കിൽ ചരിത്രത്തിൽ മായാതെ കിടക്കാം.
പ്രശസ്തരല്ലാത്ത നമ്മുടെയൊക്കെ ജീവിതത്തിലും കാണും ഇങ്ങനെ ചിലർ. അവർ ആരും ആകാം. അടുത്ത സുഹൃത്തുക്കൾ തൊട്ട് വളരെ കുറച്ചു സമയം കൊണ്ട് നമ്മുടെ മനസ്സിനെ ആഴത്തിൽ സ്വാധീനിച്ചു കടന്നുപോകുന്ന ഒരു അജ്ഞാതൻ വരെ ആരും… അവർ നമ്മളെ സ്വാധീനിക്കുന്നതും വിവിധ കാരണങ്ങൾ കൊണ്ടാകാം. സ്നേഹവും കരുതലും മാത്രം ആകണമെന്നില്ല അതിനു കാരണം. ചിലർ അവരുടെ കലാബോധം, നർമ്മ ബോധം, ദയാവായ്പ് അങ്ങിനെ പലതു കൊണ്ടും നമ്മെ സ്വാധീനിക്കാം. പക്ഷെ അവരുടെ സ്വാധീനം നമ്മൾ പലപ്പോഴും തിരിച്ചറിയുന്നത് അവർ നമ്മുടെ ജീവിതത്തിൽ നിന്ന് വിടവാങ്ങിയ ശേഷം – മരണം കൊണ്ടോ അല്ലാതെയോ – ആയിരിക്കും.
അവർ പോയതിനു ശേഷവും ജീവിതം മുന്നോട്ടു തന്നെ പോകും. കവി ഭാഷയിൽ പറഞ്ഞാൽ ‘മരണ വേഗത്തിൽ ഓടുന്ന വണ്ടികൾ, നഗരവീഥികൾ നിത്യപ്രയാണങ്ങ’ളിൽ കൂടി ജീവിതം മുന്നേറും. പക്ഷെ ചില സന്ദർഭങ്ങളിൽ, നമ്മിലേക്ക് തന്നെ ഒരു യാത്ര പോയാൽ നാം തിരിച്ചറിയും… കാലം എത്ര കഴിഞ്ഞാലും ആ സ്ഥാനം ഒഴിഞ്ഞു തന്നെ കിടക്കും എന്ന്. ആരൊക്കെ വന്നാലും അവർക്ക് പകരം ആകുന്നില്ല എന്ന്.
മഴയ്ക്ക് ശേഷവും മരം പെയ്യുന്നത് പോലെ വിടവാങ്ങലിനു ശേഷവും അവർ നമ്മിൽ പെയ്തുകൊണ്ടിരിക്കും… മനസ്സിലെ.. ആത്മാവിലെ.. ഊഷര ഭൂമികളെ കുളിരണിയിക്കാൻ… അവയെ ഹരിതാഭമാക്കാൻ…
ചിലപ്പോൾ അറിയാതെ ചിന്തിച്ചുപോകും – ഉണ്ടാകുമോ എനിക്കും അങ്ങിനെ ഒരു സ്ഥാനം ഒരാളുടെ മനസ്സിലെങ്കിലും… അറിയില്ല… അങ്ങിനെ ഉള്ളവർ ഭൂമിയിലെ ഭാഗ്യവാന്മാർ തന്നെ, സംശയം ഇല്ല.
കാവു
