MoonlitDays

– Writings from the Heart

രാവിലെ ഡിപ്പാർട്മെൻ്റിലെത്തി ബാഗ് വച്ചപ്പോഴേക്കും ഭാമ ടീച്ചർ കാൻ്റീനിൽ പോകാൻ വിളിച്ചു. ടീച്ചർ എന്നും കാൻ്റീനിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ഞാനാകട്ടെ വീട്ടിൽ നിന്ന് കൊണ്ടുവരും. ട്രെയിനിൽ വച്ച് അത് കഴിക്കുകയും ചെയ്യും. അതുകൊണ്ട് ടീച്ചർക്ക് കമ്പനി കൊടുത്ത് ഞാൻ ഒരു ചായ കുടിക്കും. അതാണ് പതിവ്.

കാൻ്റീനിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ഞങ്ങൾ ആദ്യം കണ്ടത് എൻ്റെ മേശപ്പുറത്തിരിക്കുന്ന ആ ചുവന്ന റോസാപ്പൂവാണ്. നീണ്ട തണ്ടും അതിൽ രണ്ടു മൂന്ന് ഇലകളുമൊക്കെയുള്ള പാതിവിടർന്ന ഒരു റോസാപ്പൂ. “ടീച്ചറേ, ഇതാരാ വാലൻ്റെയൻസ് ഡേ ആയിട്ട് ടീച്ചർക്ക് റെഡ്‌റോസ് കൊണ്ടു വച്ചിരിക്കണേ?” അപ്പോഴാണ് ഇന്ന് വാലൻ്റെയൻസ് ഡേ ആണെന്ന് ഞാനും ഓർത്തത്! എനിക്കും അത്ഭുതം തോന്നി. ഇവിടെ എനിക്കാര് റോസ് തരാൻ!

പിന്നെയങ്ങോട്ട് ഭാമ ടീച്ചർക്ക് ആവേശമായി. അവർ ഊഹാപോഹങ്ങളുടെ കെട്ടഴിച്ചു.
“സ്‌റ്റുഡൻ്റ്സ് ആരെങ്കിലും ആകാൻ സാധ്യതയില്ല;”

‘ഭാഗ്യം! വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ എന്നെ മലർ മിസ്സാക്കിയില്ലല്ലോ ഭഗവാനേ…’ ഞാൻ മനസ്സിൽ ദൈവത്തിന് നന്ദി പറഞ്ഞു.

“അപ്പോൾപിന്നെ ആരാവും? അധ്യാപകർ ആരെങ്കിലും..?” അപ്പോഴാണ് ടീച്ചറുടെ ഉറക്കയുള്ള ചിന്തകളെ മുറിച്ചുകൊണ്ട് മനുമാഷും എബിൻ മാഷും ആ വഴി വന്നത്. രണ്ടാളും ഗസ്റ്റ് അധ്യാപകർ, ചെറുപ്പക്കാർ, അവിവാഹിതർ. റോസാപ്പൂവും പിടിച്ചിരിക്കുന്ന ഭാമ ടീച്ചറെ കണ്ട് അവർ അത്ഭുതപ്പെട്ടു. “ടീച്ചറേ, പ്രണയദിനമായിട്ട് ബാച്ചിലേഴ്‌സായ ഞങ്ങൾക്ക് പോലും ഒരു പൂ കിട്ടിയില്ല. ടീച്ചർക്ക് ഇതാര് തന്നു? ഹസ്സിൻ്റെ സമ്മാനമാണോ?” മനു മാഷിൻ്റെ സംശയം.

“ഇത് എൻ്റെയല്ല, ദാ ഇവിടെ കിട്ടിയതാണ്. അതും അജ്ഞാതൻ്റെ വക” എന്നെ ചൂണ്ടി ഭാമ ടീച്ചർ നാടകീയമായി ഒന്ന് ചിരിച്ചു. കൂട്ടത്തിൽ അവരേക്കാളും മുതിർന്നയാൾ ഞാനായിരുന്നു. അതു കൊണ്ടുതന്നെ ഉള്ളിൽ എനിക്കൊരു വല്ലായ്മ തോന്നി എന്നത് സത്യമാണ്. പക്ഷേ, ഞാനത് പുറത്ത് കാണിക്കാതെ ചിരിച്ചതേയുള്ളൂ.

അവരുടെ രണ്ടാളുടെയും കണ്ണുകൾ വിടർന്നു, “ടീച്ചർക്ക് കിട്ടിയതാണോ? ആരാവും ഇതിൻ്റെ പിന്നിൽ? എന്തെങ്കിലും ഊഹം?” ‘അറിയില്ല’ എന്നയർത്ഥത്തിൽ ഞാൻ രണ്ടു കൈയും മലർത്തിക്കാണിച്ചു.

ക്ലാസിന് നേരമായതിനാൽ ഇടവേള സമയത്ത് വരാം എന്ന് പറഞ്ഞ് അവർ പോയി. ഞങ്ങളും ക്ലാസുകളിലേക്ക്…

ഇടവേളക്ക് രണ്ടാളും കൃത്യമായി എത്തി. റോസാപ്പൂ കൈയിൽ പിടിച്ച് പലരീതിയിൽ പല ആംഗിളുകളിൽ ഫോട്ടോ എടുത്ത് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആക്കി. “പ്രണയ ദിനത്തിൽ ഞങ്ങൾക്കും പൂകിട്ടിയെന്ന് നാലാൾ വിചാരിക്കട്ടെ, ഒരേ പൂവാണെന്ന് ആർക്കും മനസ്സലാവില്ലല്ലോ!” എന്നും പറഞ്ഞ് ഒന്ന് കണ്ണിറുക്കി ചിരിച്ച് അവർ പോയി.

“നമ്മുടെ ഡിപ്പാർട്മെൻ്റിൽ പുരുഷന്മാരില്ല. പക്ഷേ, ഈ വാതിൽ കടന്നാണ് അടുത്ത ഡിപ്പാർട്മെൻ്റിലേക്ക് വിഷ്ണുമാഷും ജോയ്മാഷും പോകുന്നത്. വിഷ്ണുമാഷാണെങ്കിൽ ടീച്ചറോട് നല്ല കമ്പനിയാണ്. മാഷാവോ?” എന്തോ കണ്ടു പിടിച്ച സന്തോഷത്തിലും ആവേശത്തിലും വിടർന്ന കണ്ണുകളോടെ ആണ് ചോദ്യം. അത് കേട്ട ഞാൻ ഞെട്ടിപ്പോയി. “പൊതുവേ ഈ സാഹിത്യകാരന്മാർ ലോല ഹൃദയരാവൂലോ, ഏത്?”
എനിക്ക് മറുപടി പറയാൻ കഴിയും മുമ്പേ ആണ് ആ വാൽക്കഷണം വന്നത്. “എൻ്റെ ഭാമ ടീച്ചറേ, ഇതെങ്ങാനും ആ വിഷ്ണുമാഷ് കേട്ടാൽ അറബിക്കടലിൽ ചാടും, ഒന്ന് മിണ്ടാതിരിക്കോ?” ഞാൻ തലയിൽ കൈ വച്ചിരുന്നു പോയി!

“അല്ലാ, ജോയ് മാഷും ആവാട്ടോ. ആളൊരു സഹൃദയനാണ്. ഈ വഴി പോകുന്നത് കൊണ്ട് പൂ മേശപ്പുറത്ത് വക്കാൻ എളുപ്പവുമാണ്.” ” നമ്മുടെ രതീഷ് മാഷാവാട്ടോ. എന്നോടൊന്നും ഇപ്പോഴും മിണ്ടാത്തയാളാ. പക്ഷേ, ടീച്ചർ വന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ടീച്ചറെ ഔപചാരികമായി പരിചയപ്പെടുക കൂടി ചെയ്യാതെ തന്നെ ആ നിയാസ് മാഷിന് സ്വന്തം ആളെ പോലെ പരിചയപ്പെടുത്തിയതല്ലേ? നമ്മൾ രണ്ടാളും ഒരുമിച്ചല്ലേ അന്ന് വാപൊളിച്ചത്, ഓർമ്മയില്ലേ?” ഭാമ ടീച്ചർ നിർത്താൻ ഭാവമില്ല. ഞാനതനുസരിച്ച് വെറുതേ തലയാട്ടിക്കൊണ്ടിരുന്നു. അവസാനം ഞാൻ പറഞ്ഞു, ” ഭാമ ടീച്ചറേ, ഇനി ഇവിടെ വി. സി. കൂടിയേ ബാക്കി ഉള്ളൂ! ഇനി അദ്ദേഹവും വരോ സംശയിക്കുന്നവരുടെ ലിസ്‌റ്റിൽ?” “ഇടയ്ക്കിടെ ഈ വഴി പോകുന്ന ആളെന്ന നിലയിൽ അദ്ദേഹത്തെയും സംശയിക്കാം” അത് പറഞ്ഞതും ഭാമ ടീച്ചർ പൊട്ടിച്ചിരിച്ചു. എങ്കിലും ആ റോസാപ്പൂവിൻ്റെ യഥാർത്ഥ അവകാശിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല.

വൈകുന്നേരം വീട്ടിൽ എത്തി കിടക്കും മുമ്പ് അന്നത്തെ കുറിപ്പുകൾ എഴുതാൻ ഞാൻ ഡയറി എടുത്തു തുറന്നു വച്ചു. അതിൽ ആ പൂവ് വച്ചു, ശേഷം ഞാനിങ്ങനെ എഴുതി. “എനിക്ക് അവിസ്മരണീയമായ ഒരു പ്രണയദിനം സമ്മാനിച്ച റോസാ പുഷ്‌പമേ നിനക്ക് നന്ദി! നിന്നെ എനിക്കായി നൽകിയ ആ അജ്ഞാതനും! ഇനിയെത്ര പ്രണയദിനങ്ങൾ കടന്നുപോയാലും സമ്മാനങ്ങൾ കിട്ടിയാലും നീ എനിക്കെന്നും പ്രിയപ്പെട്ടവളായിരിക്കും.. കാരണം നിന്നെ പൊതിയുന്ന ആ നിഗൂഢ സൗന്ദര്യം തന്നെ!”