പഠനത്തിന്റെയും ജോലിയുടെയും ഒക്കെ ഭാഗമായി പലപ്പോഴും ദീർഘദൂര യാത്രകൾ പതിവായിരുന്ന ഒരാളായിരുന്നു ഞാൻ. ബസ് യാത്ര എനിക്കിഷ്ടവുമായിരുന്നു. സീറ്റ് ഉണ്ടോ എന്ന് നോക്കി കേറാമല്ലോ എന്നതായിരുന്നു ട്രെയിൻ യാത്രയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിനോടുള്ള ഇഷ്ടം. പക്ഷെ ദീർഘദൂര യാത്ര കൂടുതൽ സുഖകരം ട്രെയിനിൽ തന്നെ ആണ് എന്ന് ഞാൻ സമ്മതിക്കും. എങ്കിലും നിത്യേനയുള്ള ബസ് യാത്രകൾ ജീവിതത്തിന്റെ ഭാഗമായിരുന്നു – അടുത്ത കാലം വരെ.
നമ്മുടെ വിഷയം അതല്ല. ബസ് വന്നു നിൽക്കുമ്പോൾ കണ്ടിട്ടില്ലേ? എല്ലാവരും കൂടി ഒരു തിക്കിത്തിരക്കലാണ് – ആദ്യം കയറി സീറ്റ് പിടിക്കാൻ! ജപ്പാൻകാരെ പോലെ വരി നിന്ന് കേറാൻ മാത്രം അച്ചടക്കം ഉള്ളവർ അല്ലല്ലോ നമ്മൾ! ശരിക്കും ഇത് കാണുമ്പോൾ ജീവിതത്തിലും ആളുകൾ ഇങ്ങനെത്തന്നെ അല്ലേ എന്ന് ഞാൻ ഓർക്കാറുണ്ട്.
ചിലർ ആരെ തള്ളിയിട്ടായാലും എങ്ങനെയെങ്കിലും കയറി പറ്റും – സ്വന്തം കാര്യം സിന്ദാബാദ്! കൂടെയുള്ളവർക്ക് എന്ത് പറ്റുന്നു എന്ന് തിരിഞ്ഞുനോക്കാത്തവർ.
മറ്റുചിലരാവട്ടെ ആരെയും ഉന്താനും തള്ളിയിടാനും ഒന്നും പോകാതെ എന്നാൽ സ്വന്തം പരിശ്രമത്തിൽ എങ്ങിനെയെങ്കിലും കയറും. സ്ഥിരോത്സാഹത്തോടെ ജീവിക്കുന്നവർ.
ഇനി ഒരു കൂട്ടർ തിരക്കിൽ നിന്ന് കുറച്ചു പിന്മാറി നിൽക്കും. അവർക്കറിയാം സീറ്റ് കിട്ടില്ലെന്ന്. പക്ഷെ അവർ ആ ആൾക്കൂട്ടത്തിന്റെ ഭാഗമേ ആകില്ല. തിരക്കുള്ളവർ കേറൂ, ഞാൻ അതിനു ശേഷം കയറിക്കോളാം എന്ന് പറയാതെ പറയുന്നവർ! ഉള്ളത് മതി, അറിഞ്ഞു കൊണ്ട് വിട്ടുകൊടുത്ത് ജീവിക്കുന്ന മനുഷ്യർ!
ഇനിയും ഒരു കൂട്ടർ ഉണ്ട്. ‘ഈ ബസ്സിൽ തിരക്ക് കൂടുതൽ ആണ്, അടുത്തതിൽ പോകാം’ എന്ന് വിചാരിച്ച് നീങ്ങി മാറി നിൽക്കുന്നവർ. സ്വന്തം സമയമാകാൻ കത്ത് നിൽക്കുന്നവരെ പോലെ!
ബസ്സിന്റെ സീറ്റിൽ ഇരിക്കുമ്പോഴും ഇത്തരം ചില ചിന്തകൾ ഉണ്ടാവാറുണ്ട്. ചിലപ്പോൾ കെ എസ് ആർ ടി സി യുടെ വലിയ സീറ്റിൽ ഒറ്റക്കാവും – കിടന്നു പോവാലോ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ! നല്ല സുഖം, കാറ്റൊക്കെ കൊണ്ട് മൊബൈലിൽ ഇഷ്ടപ്പെട്ട പാട്ടൊക്കെ കേട്ട് ഇങ്ങനെ പോകാം. പക്ഷെ ഒരു പ്രശ്നമുണ്ട് – വല്ല വളവോ തിരിവോ വന്നാൽ സീറ്റിൽ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാട്ടമാകും, പിടിച്ചിരുന്നില്ലെങ്കിൽ മുന്നിലെ സീറ്റിലോ സൈഡിലോ ഒക്കെ പോയി ദേഹം ഇടിക്കുകയും ചെയ്യും! ഒറ്റയ്ക്ക് ജീവിക്കുമ്പോൾ ഉള്ള സ്വാതന്ത്ര്യവും ശ്രദ്ധിച്ചില്ലെങ്കിൽ, ഒന്ന് പിടി വിട്ടുപോയാൽ, ഉണ്ടാകുന്ന അപകടവും ഇങ്ങനെ ആകും എന്ന് തോന്നാറുണ്ട്.
എപ്പോഴും നമ്മൾ ഇങ്ങനെ സീറ്റിൽ ഒറ്റക്കാവില്ല, അടുത്ത് ആരെങ്കിലും ഒക്കെ കാണും. ചിലയാളുകൾ പെർഫെക്റ്റ് ഫിറ്റ് ആയിരിക്കും. ഒരുമിച്ചിരിക്കുമ്പോൾ ഒട്ടും തിങ്ങി ഞെരുങ്ങി ഇരിക്കുന്ന അവസ്ഥയുണ്ടാവില്ല. വളവിലും തിരുവിലുമൊക്കെ സീറ്റിൽ നീങ്ങുകയോ ഞെരുങ്ങുകയോ ഇല്ല. ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ പോലെ. അവരുടെ കൂടെ ആണല്ലോ നമ്മൾ ഏറ്റവും കംഫർടബൾ ആയിരിക്കുക.
എന്നാൽ ചിലയാളുകൾ വന്നിരുന്നാൽ പിന്നെ ആകെ അസ്വസ്ഥതയാകും. സ്ഥലമുണ്ടാവില്ല, ചിലപ്പോൾ ഒന്ന് ഒതുങ്ങിയിരുന്നാൽ നമുക്കും അവിടെ സുഖമായി ഇരിക്കാൻ പറ്റും. പക്ഷെ ഇവർ ചെയ്യില്ല. ജീവിതത്തിലും ഇങ്ങനെ ചിലർ ഉണ്ടാവും. അവർ ചെറുതായൊന്ന് നന്നായാൽ കൂടെയുള്ളവരുടെ ജീവിതം ഇപ്പോൾ ഉള്ളതിലും സന്തോഷകരമാകും, പക്ഷെ അതിനെ കുറിച്ച് ബോധ്യമുണ്ടായാലും അവരത് ചെയ്യില്ല! ഒരു തരം സാഡിസം!
എന്നും ഒരേ വഴിയിൽ യാത്ര ചെയ്യുമ്പോൾ നമ്മൾ കാണുന്ന കുറെ സ്ഥിരം മുഖങ്ങൾ ഉണ്ടാവും. എന്നും കാണുന്നത് കൊണ്ട് കാലക്രമേണ അവരിൽ പലരും നമ്മുടെ പരിചയക്കാരും സുഹൃത്തുക്കളും ഒക്കെ ആകും. എന്നാൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല – ചിലയാളുകൾ എന്നും തമ്മിൽ കാണുന്നവർ ആയാലും മുഖത്ത് നോക്കുകയോ, പരിചയ ഭാവമെങ്കിലും കാണിക്കുകയോ, ചിരിക്കുകയോ ചെയ്യില്ല. എന്നാൽ രണ്ടു ദിവസം കാണുമ്പോഴേക്കും, ചിലർ ആദ്യ കാഴ്ച്ചയിൽ തന്നെയും വളരെ സൗഹാർദ്ദത്തോടെ ഇടപെടും. യഥാർത്ഥ കാരണം നമ്മുടെയൊക്കെ introvert, extrovert സ്വഭാവങ്ങളും, ഒരാളെ കാണുമ്പോൾ കിട്ടുന്ന വേവ് ലെങ്തും (പുതിയ ഭാഷയിൽ പറഞ്ഞാൽ വൈബ്) ഒക്കെ ആവാം. ഞാൻ അതിനെ ജീവിതത്തിലെ ആളുകളോടാണ് താരതമ്യം ചെയ്യാറ് – കാലങ്ങളോളം നമ്മുടെ കൂടെ ഉണ്ടായാലും നമ്മളെ മനസ്സിലാക്കാത്തവരും വളരെ ചെറിയ സമയം കൊണ്ട് തന്നെ നമ്മളെ ആഴത്തിൽ മനസ്സിലാക്കുന്നവരുമില്ലേ?
ചില ദിവസങ്ങളിൽ വളരെ സന്തോഷപൂർവം യാത്ര ചെയ്യുമ്പോൾ ആകും പെട്ടെന്ന് ബസ് നിർത്തി എല്ലാവരോടും ഇറങ്ങിക്കോളൂ എന്ന് കണ്ടക്ടർ പറയുക – കാര്യം എന്താ? ബസ് കേടായി. എല്ലാവരേം വേറെ ബസ്സിൽ കയറ്റിവിടും. അതിൽ ചിലപ്പോൾ നല്ല തിരക്കാവും, സീറ്റ് ഉണ്ടാവില്ല, സമയത്തിന് എത്തില്ല, അങ്ങിനെ പ്രതീക്ഷിക്കാത്ത നൂറ് പ്രശ്നങ്ങൾ മുന്നിലെത്തും. ഇത് പോലെ തന്നെ ആണ് വഴിയിലെ ബ്ലോക്കുകളും അപകടങ്ങളും. ജീവിതത്തിലും അങ്ങിനെ ആണല്ലോ. നമ്മൾ പല പ്ലാനും ചെയ്യും. പക്ഷെ ചിലപ്പോൾ അതെല്ലാം തെറ്റിച്ചു കൊണ്ട് നമ്മൾ ഒരിക്കലും കാണാത്ത വഴികളിലൂടെ, അറിയാത്ത മനുഷ്യരുടെ ഇടയിലേക്കൊക്കെ ജീവിതം നമ്മളെ തള്ളി വിടാറില്ലേ?
ചില യാത്രകളിൽ യാത്രികർ തമ്മിലോ ബസ്സിലെ ജീവനക്കാരും യാത്രികരും തമ്മിലോ ഒക്കെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് മൂലം പലപ്പോഴും ബസ് നിർത്തി വരെ പരിഹാരത്തിന് ശ്രമിക്കാറും ഉണ്ട്. നമുക്കതിൽ ഒരു പങ്കുമില്ലെങ്കിലും നമ്മുടെ സമയവും നഷ്ടപ്പെടും, യാത്ര കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതെയും പോകും. പലപ്പോഴും നമ്മുടെ തെറ്റിന്റെ ഫലം മാത്രമല്ലല്ലോ നമ്മൾ ജീവിതത്തിൽ അനുഭവിക്കാറ്!
അതുപോലെ തന്നെ യാത്രയിൽ നമ്മൾ കുറെ ആളുകളെ കാണുന്നു, അവരുടെ സ്റ്റോപ്പുകളിൽ അവർ ഇറങ്ങി പോകുന്നു. ജീവിതത്തിൽ ആകെ ഒരു വ്യത്യാസമേ ഉള്ളു. യാത്രയിൽ നമ്മുടെ സ്റ്റോപ്പിനെ കുറിച്ച് നമുക്ക് ധാരണയുണ്ട് . ജീവിതത്തിൽ നമ്മളും നമ്മുടെ കൂടെയുള്ളവരും എന്ന്, എപ്പോൾ, ഏതു സ്റ്റോപ്പിൽ ഇറങ്ങിപോകും എന്ന് നമുക്കറിയില്ല എന്ന് മാത്രം.
ആകെ നമുക്ക് ചെയ്യാവുന്നത് ഒന്ന് മാത്രമേ ഉള്ളൂ – യാത്ര ആസ്വദിക്കുക!
കാവു
